Friday, April 17, 2026
Latest:
Uncategorized

ടീം വിടണമെന്ന് പോസ്റ്റിട്ടത് വിനയായി; ചാമ്പ്യന്‍സ് ലീഗില്‍ റെഡ്കാര്‍ഡ് കണ്ട താരത്തിനെതിരെ ആരാധകരുടെ സൈബര്‍ ആക്രമണം

Spread the love

 

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ അവസാന പാദത്തില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡും ബയേണ്‍മ്യൂണിക്കും ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ബയേണ്‍ 6-4 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ സെമിയിലേക്ക് മുന്നേറി. എന്നാല്‍ ഈ മത്സരത്തിനിടെ റയലിന്റെ ഫ്രഞ്ച് താരമായ മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോ കാമവിംഗക്ക് ലഭിച്ച ചുവപ്പുകാര്‍ഡ് ആണ് റയല്‍ ആരാധകര്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. കളിയുടെ 86-ാം മിനിറ്റില്‍ ആയിരുന്നു കാമവിംഗയെ പുറത്താക്കിയത്. ബയേണ്‍ മ്യൂണിക്ക് ലീഡ് എടുക്കാന്‍ ഒരുമിച്ച സമര്‍ദ്ദം ചെലുത്തിയിട്ടും 4-4 എന്ന സ്‌കോറില്‍ സമനിലയില്‍ തുടരുകയായിരുന്നു റയല്‍ ഈ സമയം. എന്നാല്‍ കാമവിംഗ പുറത്തായതിന് പിന്നാലെ ഒരു കളിക്കാരന്റെ കുറവ് മുതലെടുത്ത ബയേണ്‍ ലീഡ് എടുക്കുക തന്നെ ചെയ്തു. ഇത് റയല്‍ ആരാധകരില്‍ അങ്ങേയറ്റത്തെ നിരാശയാണ് ഉണ്ടാക്കിയത്. 86-ാം മിനിറ്റില്‍ ബയേണ്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇംഗ്ലീഷ് താരം ഹാരികെയ്‌നെ വീഴ്ത്തിയതിന് കാമവിംഗക്കെതിരെ റഫറി ഫൗള്‍ വിളിക്കുകയായിരുന്നു. 62-ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഇബ്രാഹിം ഡയസിന് പകരക്കാരനായി കളത്തിലെത്തിയ കാമവിംഗക്ക് ഇതിനകം തന്നെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. 78-ാം മിനിറ്റില്‍ ബയേണിന്റെ ജര്‍മ്മന്‍ താരം ജമാല്‍ മൂസിയാലയെ പിറകില്‍ നിന്ന് പിടിച്ച് തള്ളിയിട്ടതിനായിരുന്നു ആദ്യ മഞ്ഞക്കാര്‍ഡ്. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു രണ്ടാം മഞ്ഞക്കാര്‍ഡും കാമവിംഗ കൈയ്യിലിരിപ്പ് കൊണ്ട് വാങ്ങിയെടുത്തത്. സംഭവം ഇങ്ങനെയായിരുന്നു.

 

 

ഹാരികെയ്‌നെ വിഴ്ത്തിയതിന് ഒരു സാധാരണ ഫൗളായിരുന്നു റഫറി വിധിച്ചത്. എന്നാല്‍ ഫൗള്‍ വിളിക്കപ്പെട്ട സ്‌പോട്ടില്‍ നിന്ന് കാമവിംഗ പന്ത് തട്ടി പിന്നീട് അത് കൈയ്യിലെടുത്ത് അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു. ഇതോടെയാണ് റഫറി അദ്ദേഹത്തിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് പിന്നാലെ ചുവപ്പുകാര്‍ഡും നല്‍കിയത്. കാമവിംഗയുടെ പ്രവൃത്തി കരുതിക്കൂട്ടിയായിരുന്നോ എന്നതാണ് ചില ആരാധകര്‍ സംശയിക്കുന്നത്. ഇതോടെയാണ് താരം റയല്‍ വിടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പഴയ ഈ പോസ്റ്റിലടക്കം ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിര്‍ണായക മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ ഒരു കളിക്കാരന്‍ കാണിക്കേണ്ട അച്ചടക്കവും ജാഗ്രതയും കാമവിംഗ കാണിച്ചില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അശ്രദ്ധമായി കളിച്ച് കാര്‍ഡ് വാങ്ങിച്ച് മത്സരഫലം തന്നെ എതിരാക്കി മാറ്റിയെന്നാണ് ആരാധകര്‍ പറയുന്നത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം ഏറെക്കുറെ വ്യക്തവുമാണ്.

 

കാമവിംഗ പുറത്തായി നിമിഷങ്ങള്‍ക്ക് അകമാണ് ബയേണ്‍ മ്യൂണിക് അവസരം മുതലെടുത്തത്. രണ്ട് ഗോളുകള്‍ നേടി റയല്‍ മാഡ്രിഡിനെ നിഷ്പ്രയാസം പുറത്താക്കാന്‍ അവര്‍ക്ക് സാധിച്ചു. മത്സരശേഷം, റയല്‍ മാഡ്രിഡ് ആരാധകര്‍ കാമവിംഗക്കെതിരെ രോഷാകുലരായി. താരം ടീം വിടണമെന്ന് ആക്രോശിച്ചാണ് പലരും ഗ്യാലറി വിട്ടത്.