ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
ലൈംഗികാതിക്രമക്കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പുതിയൊരു എഫ്ഐആർ കൂടി നേരത്തെ പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോൾ നിലവിലുള്ളത്.
പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാൽ പ്രജ്വൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ജൂലൈ നാല് വരെയാണ് കസ്റ്റഡി കാലാവധി. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.
കർണാടകയിലെ ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.