National

മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കും? നിര്‍ണായക നീക്കവുമായി ബിജെപി, രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണനയിൽ

Spread the love

ദില്ലി:ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം. അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു.

2019ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ കൂടി കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയാകുന്നതോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് മോദി മത്സരിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യം തള്ളിയിരുന്നു. രണ്ടു സീറ്റുകളില്‍ മോദി മത്സരിക്കുകയാണെങ്കില്‍ രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണിച്ചൂകൂടെയെന്ന് പലരും ചോദിച്ചിരുന്നതായി നേരത്തെ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നായിരുന്നു അന്ന് ബിജെപി നേതൃത്വം ബിജെപി തമിഴ്നാട് ഘടകത്തെ അറിയിച്ചിരുന്നത്.

കഴിഞ്ഞ നാല് ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നിലും ഡിഎംകെയാണ് ജയിച്ചത്. ഡിഎംകെയുമായി സഖ്യത്തിലുള്ള മുസ്ലീം ലീഗാണ് ഇവിടെ വിജയിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാ നവാസ് കനി ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് രാമനാഥപുരം. കേരളത്തിന് പുറത്ത് മുസ്ലീം ലീഗിനുള്ള ഏക ലോക്സഭ സീറ്റാണ് രാമനാഥപുരം.രാമനാഥപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറു നിയമസഭ മണ്ഡലങ്ങളില്‍ നാലില്‍ ഡിഎംകെയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചിരിക്കുന്നത്.