National

ഇന്ത്യ സഖ്യം കരുത്തോടെ പൊരുതി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റി വീണ് ബി.ജെ.പിയുടെ 11 കേന്ദ്രമന്ത്രിമാർ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യ കക്ഷികളും വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് വലിയ തിരിച്ചടിയായി. 303 സീറ്റുണ്ടായിരുന്ന ബിജെപി 240 സീറ്റിലേക്കാണ് താഴ്ന്നത്. 63 സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ തോൽവിയുടെ ചവർപ്പ് അറിഞ്ഞവരിൽ സ്മൃതി ഇറാനി മുതൽ രാജീവ് ചന്ദ്രശേഖർ വരെ നിരവധി കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷം തികയ്ക്കാൻ ഘടകകക്ഷികളുടെ സഹായം കൂടിയേ തീരൂ എന്ന നിലയിലാണ് ബിജെപി.

ബുധനാഴ്ച രാഷ്ട്രപതിയെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ മന്ത്രിസഭ രാജിവെക്കുന്നതായി വ്യക്തമാക്കി കത്ത് നൽകി. ഇത് സ്വീകരിച്ച രാഷ്ട്രപതി ദ്രൗപദി മുർമു കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കുറി എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേരളത്തിൽ നിന്ന് ആദ്യമായി ഒരു ബിജെപി എം.പിയും സഭയിലുണ്ടാകും. സുരേഷ് ഗോപിയെ കൂടാതെ കങ്കൺ റണാവത്ത്, അരുൺ ഗോവിൽ എന്നിവരും സഭയിലെ പുതുമുഖങ്ങളാണ്.

എന്നാൽ തോറ്റ പ്രമുഖരിൽ ആദ്യ സ്ഥാനക്കാരി അമേഠിയിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനിയാണ്. 167196 വോട്ട് ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മ ഇവിടെ വിജയിച്ചത്.

തിരുവനന്തപുരത്ത് ശക്തമായ മത്സരം കാഴ്ചവച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ 16077 വോട്ടിനാണ് സിറ്റിങ് എംപി കൂടിയായ കോൺഗ്രസ് പ്രവർത്തകർ സമിതിയംഗം ശശി തരൂർ പരാജയപ്പെടുത്തിയത്. നാലാം തവണയും തരൂർ മണ്ഡലം നിലനിർത്തി.

യുപിയിൽ മത്സരിച്ച മറ്റൊരു കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയും പരാജയപ്പെട്ടു. ഖേരി ലോക്‌സഭാ സീറ്റിൽ സമാജ്‌വാദി പാർട്ടി നേതാവ് ഉത്കർഷ് വർമയാണ് 34329 വോട്ടിന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 2021 ഒക്ടോബറിൽ നടന്ന ലഖിംപൂർ ഖേരി സംഘർഷത്തിൽ അജയ് മിശ്രയുടെ മകൻ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു.

ഖൂംടി ലോക്സഭാ സീറ്റിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച കേന്ദ്രമന്ത്രി അർജുൻ മുണ്ടയും തോറ്റു. കോൺഗ്രസിൻ്റെ കളിചരൺ മുണ്ട ഇവിടെ ജയിച്ചത് 149675 വോട്ടുകൾക്കാണ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ആർകെ സിങ് ആരാഹ് മണ്ഡലത്തിൽ സിപിഐഎംഎൽ സ്ഥാനാർത്ഥി സുദമ പ്രസാദിനോട് 59808 വോട്ടുകൾക്ക് പരാജയപ്പെട്ടു.

കൈലാഷ് ചൗധരിയാണ് പരാജയപ്പെട്ട മറ്റൊരു കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ബാർമറിൽ മത്സരിച്ച ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ഉമ്മേദ റാം ബെനിവാൾ ഇദ്ദേഹത്തേക്കാൾ 4.48 ലക്ഷം വോട്ട് അധികം നേടി.

കേന്ദ്ര ഫിഷറീസ് മന്ത്രാലയം സഹമന്ത്രി എൽ മുരുഗൻ നീലഗിരിയിലും തോറ്റു. ഡിഎംകെ സ്ഥാനാർത്ഥി എ രാജക്കെതിരെ മത്സരിച്ച അദ്ദേഹം 2.40 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി നിസിത് പ്രമാണികും പരാജയപ്പെട്ടു. കൂച് ബെഹാറിൽ തൃണമൂൽ സ്ഥാനാർത്ഥി ജഗദീഷ് ചന്ദ്ര ബസുനിയ 39000 വോട്ടിന് ഇദ്ദേഹത്തെ പരാജയപ്പെടുത്തി.
കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ കർണാടകയിലെ ബിദാർ മണ്ഡലത്തിൽ സംസ്ഥാനത്തെ മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖന്ദ്രയോട് തോൽവി വഴങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി രാജ് കപിൽ പാട്ടീലും തോറ്റു. എൻസിപി ശരദ് പവാർ വിഭാഗത്തിലെ ഗോപിനാഥ് മാത്രേയോട് ഭിവാണ്ടി മണ്ഡലത്തിലാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

കേന്ദ്ര റെയിൽവെ സഹമന്ത്രി റോസാഹേബ് ദൻവെ ജൽന മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കല്യാൺ വൈജ്‌നാത് റാവു കലെയോട് തോറ്റു. മഹാരാഷ്ട്രയിലെ ദിണ്ടോരി മണ്ഡലത്തിൽ കേന്ദ്ര സഹമന്ത്രി ഭാരതി പൻവാർ എൻസിപി ശരദ് പവാർ വിഭാഗം നേതാവ് ഭാസ്‌കർ ഭഗരെയോട് പരാജയപ്പെട്ടു. നഗരവികസന മന്ത്രാലയ സഹമന്ത്രി കൗശൽ കിഷോർ യുപിയിൽ സമാജ്‌വാദി പാർടി നേതാവ് ആർകെ ചൗധരിയോടാണ് പരാജയപ്പെട്ടത്.