National

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സ്ഥാനമൊഴിയുമെന്ന് അഭ്യൂഹം

Spread the love

ദില്ലി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് അഭ്യൂഹം. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി എൻഡിഎ എംപിമാരുടെ യോ​​ഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോ​ഗം ചേരുക.

ശനിയാഴ്ച മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോ​ഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും. അതേസമയം പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും നേതാക്കൾ ചർച്ച തുടങ്ങി. പീയൂഷ് ​ഗോയലാണ് ചന്ദ്രബാബു നായിഡുവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗയെയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ്‌ ഹസീനയെയും മോദി ശനിയാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു. മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ലഭിച്ച ക്ഷണം വിക്രമസിംഗേ സ്വീകരിച്ചതായി ലങ്കൻ പ്രസിഡന്റിന്റെ മാധ്യമവിഭാഗം അറിയിച്ചു.