National

ഇന്ത്യ’ മുന്നണിയുടെ ജാതി സെൻസസ് രാഷ്ട്രീയം ഫലം കണ്ടില്ല; ഇത് ഹിന്ദി ഹൃദയ ഭൂമിയിലെ ബിജെപി വിജയം

Spread the love

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം ഉറപ്പിച്ചതോടെ, ഇന്ത്യ മുന്നണി മുന്നോട്ടുവെച്ച ജാതി സെൻസസ് രാഷ്ട്രീയവും ഏറ്റില്ലെന്ന് ഉറപ്പായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് പ്രതിപക്ഷം ജാതി സെൻസസ് രാഷ്ട്രീയം മുന്നോട്ടുവെച്ചത്. ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ജാതി സെന്‍സസ് രാജ്യവ്യാപകമായി നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ ശക്തമാക്കിയിരുന്നു. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടുവെങ്കിലും, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയങ്ങളിലൊന്ന്‌ ജാതി സെന്‍സസ് തന്നെയാകുമെന്നാണ് കണക്കുകൂട്ടൽ.

2021ല്‍ സെന്‍സസ് നടത്തുക സാധ്യമല്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചതിന് ശേഷമാണ് ജാതി സെന്‍സസ് നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2011ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചെങ്കിലും അതിലെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുന്നതിനെതിരെ കേന്ദ്രവും ബിജെപിയും രംഗത്തുവന്നിരുന്നു. സെന്‍സസ് നടത്താനുള്ള അധികാരം കേന്ദ്രത്തിന് മാത്രമായിരുന്നുവെന്നായിരുന്നു വാദം. എന്നാല്‍ ഇത് തള്ളിയാണ് സുപ്രീം കോടതി ജാതി സെന്‍സസ് നടത്താന്‍ അനുവദിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടപ്പാക്കുമെന്ന് കോൺ​ഗ്രസ് പ്രഖ്യാപിച്ചതോടെ ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിയർക്കുമെന്നാണ് പൊതുവേ കണക്കാക്കിയിരുന്നത്. എന്നാൽ ജാതി സെൻസസ് എന്ന ശക്തമായ ആയുധം കോൺ​ഗ്രസിന്റെ കൈയ്യിലുണ്ടായിരുന്നിട്ടും അവർക്കത് പലപ്രദമായി ഉപയോ​ഗിക്കാനാവാത്തതിന്റെ കാരണം എന്താണ്?. അത് കോൺ​ഗ്രസിന്റെ സംഘടനാപരമായ പ്രശ്നങ്ങളും പ്രചാരണത്തിലെ വീഴ്ച്ചയുമാണ്.

നെഹ്റു കുടുംബത്തെ തന്നെയാണ് കോൺ​ഗ്രസ് ഇത്തവണയും പ്രചാരണത്തിൽ മുഖമായി ഉയർത്തിക്കാട്ടിയത്. നെഹ്റു കുടുംബത്തെ ആശ്രയിച്ചുകൊണ്ട് കോൺ​ഗ്രസിന് എത്ര നാൾ മുന്നോട്ട് പോകാനാകുമെന്ന ചോദ്യം ശശി തരൂർ ഉൾപ്പടെയുള്ളവർ മുന്നോട്ട് വെച്ചിരുന്നു. അത്തരം ആശ​ങ്കകളെയെല്ലാം അവ​ഗണിച്ചുകൊണ്ടാണ് കോൺ​ഗ്രസ് നേതൃത്വം മുന്നോട്ട് പോയത്. കോൺ​ഗ്രസ് ജാതി സെൻസസ് പ്രചരിപ്പിച്ച ഇടങ്ങളിൽ, ബിജെപി അതിനെ നേരിട്ടത് താഴേത്തട്ടിൽ ആർ.എസ്.എസിനെ ഉപയോ​ഗിച്ച് കൃത്യമായ പ്രവർത്തനം നടത്തിക്കൊണ്ടായിരുന്നു. അത് വലിയ രീതിയിൽ ​ഗുണം ചെയ്തുവെന്നുവേണം തെര‍ഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി വിലയിരുത്താൻ.

ബിഹാറിലെ ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്ക വിഭാഗത്തിലുള്ളവരാണെന്നാണ് ജാതി സെന്‍സസിലെ കണ്ടെത്തല്‍. പുതിയ സെൻസസ് അനുസരിച്ച് 27.13 ശതമാനം പേര്‍ പിന്നാക്ക വിഭാഗക്കാരും 36.01 ശതമാനം പേര്‍ അതീവ പിന്നാക്ക വിഭാഗക്കാരുമാണ്. ജനറല്‍ വിഭാഗത്തിലുള്ളത് 15.52 ശതമാനം പേർ മാത്രമാണ്. 13.07 കോടിയിലധികമാണ് ബീഹാറിലെ ജനസംഖ്യ.

ജാതി സെൻസസിലൂടെ ബഹുഭൂരിപക്ഷവും പിന്നാക്ക ജാതി വിഭാഗക്കാരാണെന്ന ചിത്രം മുന്നോട്ടുവെയ്ക്കാനായാൽ വിവിധ മേഖലകളിൽ അവരുടെ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികളും സ്വീകരിക്കണം. ഇത് പിന്നാക്ക വിഭാഗത്തെയും അതീവ പിന്നാക്ക വിഭാഗത്തെയും തങ്ങളിലേക്ക് അടുപ്പിക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി ബിജെപി നിരന്തരം നിലനിര്‍ത്തി പോന്ന ഒബിസി വിഭാഗങ്ങള്‍ക്കിടയിലെ മേല്‍ക്കൈയില്‍ വിള്ളല്‍ വീഴ്ത്താൻ ജാതി സെൻസസിലൂടെ കഴിയുമെന്നായിരുന്നു കോൺ​ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാൽ ഹിന്ദി ഹ‍ൃദയ ഭൂമിയിൽ കോൺ​ഗ്രസിന്റെ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്ന കാഴ്ച്ചയാണ് കണ്ടത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് രാഷ്ട്രീയം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് കാത്തിരുന്ന് തന്നെ കാണണം.