National

ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നു, 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

Spread the love

ജയ്പൂർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് കുടുങ്ങിയ 14 പേരിൽ മൂന്ന് പേരെ രക്ഷിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ലിഫ്റ്റ് തകർന്ന് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരെ രക്ഷിക്കാനായത്. രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിലെ ജോലിക്കാർക്ക് പുറമേ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖേത്രി കോർപ്പറേഷന്റെ മുതിർന്ന ജീവനക്കാരടക്കമാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്.

ഹിന്ദുസ്ഥാൻ കോർപ്പർ ലിമിറ്റഡിന്റെ കോലിഹാൻ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ഖേത്രി മേഖലയിലാണ് അപകടമുണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്. ആംബുലൻസും മെഡിക്കൽ സംഘവും അപകട മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ഭൂ നിരപ്പിൽ വിന്ന് 64 അടി താഴ്ചയിലാണ് നിലവിൽ തൊഴിലാളികൾ അടക്കമുള്ളവർ കുടുങ്ങിയിട്ടുള്ളത്. പുറത്തെടുത്ത ഉടൻ തന്നെ കുടുങ്ങിക്കിടക്കുന്നവരെ ജയ്പൂരിലേക്ക് ചികിത്സയ്ക്കെത്തിക്കാനാണ് നീക്കം. 15ഓളം ആംബുലൻസുകളാണ് പ്രദേശത്ത് തയ്യാറാക്കി നിർത്തിയിട്ടുള്ളത്.

മാനുവലായി ലിഫ്റ്റ് ഉയർത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തലെന്നും ലിഫ്റ്റിലുള്ളവർ സുരക്ഷിതരാണെന്നുമാണ് നിഗമനമെന്നുമാണ് ഖേത്രി എംഎൽഎ വിശദമാക്കുന്നത്. ലിഫ്റ്റ് ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘം എന്തിനാണ് ഇവിടെയത്തിയെന്നത് സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.