Kerala

സ്ത്രീവിരുദ്ധ പരാമർശം തെറ്റ്; ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ്

Spread the love

കെ.എസ് ഹരിഹരൻ്റെ വിവാദ പ്രസ്താവന യു.ഡി.എഫ് അംഗീകരിക്കുന്നില്ല. സ്ത്രീവിരുദ്ധമായ പരാമർശം പൂർണ്ണമായും തെറ്റാണ്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം.

കെ.എസ് ഹരിഹരൻ്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിർവാജ്യം ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

തെറ്റ് പറ്റിയാൽ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമർശം തള്ളിപ്പറഞ്ഞ ആർ.എം.പി നേതൃത്വത്തിൻ്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങൾ മുന കൂർപ്പിച്ച് ഉന്നയിക്കുമ്പോൾ പൊതു പ്രവർത്തകർ തികഞ്ഞ ജാഗ്രത പുലർത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല

സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമർശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരിപാടിയിൽ സന്നിഹിതയായിരുന്നു. കെ. കെ ശൈലജയ്ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടെയാണ് ഇത്തരം പരാമർശം ഹരിഹരൻ നടത്തിയത്.
പരാമർശത്തിൽ കെഎസ് ഹരിഹരൻ മാപ്പ് പറഞ്ഞിരുന്നു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരൻ്റെ മാപ്പപേക്ഷ. തെറ്റായ പരാമർശം നടത്തിയഹിൽ ഖേദിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്.

കെഎസ് ഹരിഹരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തക.രും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു.