ഭൂമി തരംമാറ്റം; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 2.5 ലക്ഷത്തോളം അപേക്ഷകൾ
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. ഡാറ്റാ ബാങ്കിലെ പ്രശ്നങ്ങൾ കൃഷിവകുപ്പ് പരിഹരിക്കാത്തതാണ് പ്രധാന തടസമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. കുറ്റമറ്റ ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ പലതവണ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ഭൂമി തരംമാറ്റത്തിന്‍റെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിരമിച്ച റവന്യു ഉദ്യോഗസ്ഥരും ചില ഏജൻസികളും ക്രമവിരുദ്ധമായി ഇടപടെുന്നതിന് അന്വേഷണ സംഘം തെളിവ് നിരത്തുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് പരിഗണിക്കാൻ ബാക്കിയുള്ളത് 2,67,610 അപേക്ഷകളാണ്. അതിൽ തന്നെ 1,40,814 അപേക്ഷകൾ ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂവിവരത്തിൽ മാറ്റം ആവശ്യപ്പെട്ടാണ്. ഫോം 5 പ്രകാരം നൽകുന്ന അപേക്ഷയിൽ തീര്‍പ്പാക്കേണ്ടത് ഡാറ്റാ ബാങ്കിനെ ആശ്രയിച്ചാണെന്നിരിക്കെ ഡാറ്റാ ബാങ്കിലെ ഭൂവിവരങ്ങളിൽ കടന്നുകൂടിയ പിശകുകളാണ് റവന്യു വകുപ്പിന്‍റെ ഇപ്പോഴത്തെ തലവേദന.
ഡാറ്റാ ബാങ്ക് കുറ്റമറ്റതാക്കാൻ നടപടി ആവശ്യപ്പെട്ട് പലതവണ കൃഷി വകുപ്പിനെ സമീപിച്ചിട്ടും അനുകൂല മറുപടി ഉണ്ടായിട്ടില്ല. അതാത് കൃഷി ഓഫീസര്‍മാര്‍ അവരവരുടെ പരിധിയിലെ തണ്ണീര്‍ത്തടത്തിന്‍റെ വിവരം ശേഖരിച്ച് രേഖപ്പെടുത്തിയാൽ മതിയെന്നിരിക്കെ അതിന് പോലും തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് നടന്ന മന്ത്രിതല ചര്‍ച്ച നടന്നിട്ടും തീരുമാനമായില്ല. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് എന്ന വാദമാണ് കൃഷി വകുപ്പ് ഉന്നയിക്കുന്നത്. 50 സെന്റ് വരെ തരം മാറ്റിക്കിട്ടാൻ 1,20,319 അപേക്ഷകളും 50 സെന്റിന് മുകളിലുള്ള ഭൂമിക്ക് 5395 അപേക്ഷകളും റവന്യു വകുപ്പിന് മുന്നിലുണ്ട്. 1967 ന് മുൻപത്തെ ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ 1082 പേരും അപേക്ഷ നൽകിയിട്ടുണ്ട്.