Kerala

ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Spread the love

ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ടൂർ ഓപ്പറേറ്റർ 6 ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പോളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂ ഡെൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ ഈടാക്കിയാണ് ട്രാവൽ ഓപ്പറേറ്റർ വിദേശ ടൂർ വാഗ്ദാനം ചെയ്തത്. എന്നാൽ സമയബന്ധിതമായി ജർമൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെട്ടു. ടൂർ ഓപ്പറേറ്ററുടേത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്നാരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ്, ട്രാവൽ ഏജൻസിക്ക് നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറുന്നതിന് എതിർകക്ഷി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനത ഉണ്ടെന്ന് കണ്ടെത്തിയത്. ടൂറിസം രംഗത്തെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ അനിവാര്യമാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.