സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും KSRTC ബസ് ഡ്രൈവറും തമ്മിൽ വാക്‌പോര്; ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മേയർ; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
കെഎസ്ആർടിസി ബസിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം. നടുറോഡിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിൽ വാക്ക് പോര്. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പരാതി. മേയറും ഭർത്താവായ എംഎൽഎ സച്ചിൻദേവും മോശമായി പെരുമാറിയെന്നും ട്രിപ്പ് മുടക്കിയെന്നും കാണിച്ച് യദുവും പരാതി നൽകി. എന്നാൽ ഡ്രൈവറുടെ പരാതിയിൽ കേസെടുത്തിട്ടില്ല.
ഇന്നലെ രാത്രി 10.30ക്ക് പാളയത്തിന് മുന്നിലെ ദൃശ്യമാണിത്. ബസ് തടഞ്ഞുനിർത്തി നടുറോഡിൽ ഡ്രൈവറുമായി തർക്കിക്കുന്നത് കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും സംഘവും. മേയറുടെ പരാതിയിൽ ഡ്രൈവറെ അവിടെവച്ച് കസ്റ്റിയിലെടുക്കുകയും സ്ത്രീകളോട് മോശമായി പെരുമാറിയതിന് കേസെടുത്ത ശേഷം ഇന്ന് രാവിലെ ജാമ്യത്തിൽ വിട്ടയച്ചു. തന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചില്ലെന്നാണ് യദു പറയുന്നത്. മേയറും എംഎൽഎയും ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസിലെ യാത്രക്കാരെ എംഎൽഎ ഇറക്കിവിട്ടു.
സൈഡ് കൊടുക്കാത്തതിന്റെ തർക്കമല്ല അശ്ലീല ആംഗ്യം കാണിച്ചതുകൊണ്ടാണ് ഡ്രൈവർക്കെതിരെ പരസ്യമായി പ്രതികരിച്ചതെന്നാണ് മേയറുടെ വിശദീകരണം.
അതേസമയം വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് നാളെ തന്നെ റിപ്പോർട്ട് നൽകണമെന്ന് കെഎസ്ആർടിസി വിജിലൻസ് ഓഫീസർ ക്കാണ് നിർദേശം നൽകിയത്. റിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടി എന്നും മന്ത്രി അറിയിച്ചു.