Friday, May 3, 2024
Latest:
Kerala

മഠത്തിൽവരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരം; തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്

Spread the love

ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖമുള്ള സംഭവമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ. കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചു. എല്ലാ പ്രധാന റോഡുകളും പൊലീസ് തടഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം പെരുമാറിയെന്നും അങ്ങനെയാണ് പൂരം നിർത്തിവെക്കാനിടയാക്കിയതെന്നും സുന്ദർ മേനോൻ പ്രതികരിച്ചു.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഇനി ഉണ്ടാവില്ല എന്ന് ആഘോഷ കമിറ്റിക്കും ഭരണ സമിതിക്കും ജില്ലാ കളക്ടർ ഉറപ്പു തന്നതിന്റെ ഭാ​ഗമായാണ് വെടിക്കെട്ട് നടത്താനുള്ള തീരുമാനം. പാറമേക്കാവ് വെടിക്കെട്ടിന്റെ വെടിക്കെട്ട് വൈകാതെ നടക്കുമെന്നാണ് കരുതുന്നത്. കളക്ടറെ ഒരിക്കൽ കൂടി കണ്ട് തീരുമാനം അറിയിക്കുമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

പൊലീസ് രാത്രി പൂരം കാണാന്‍ എത്തിയ ജനങ്ങളെ ബാരിക്കേഡ് വച്ച് തടഞ്ഞതിലാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധം കനത്തതോടെ രാത്രി പൂരം പകുതിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ആനയെ മാത്രം പന്തലില്‍ നിര്‍ത്തി സംഘാടകര്‍ മടങ്ങി. പിന്നാലെ വെടിക്കെട്ട് നടത്തില്ലെന്ന് തിരുവമ്പാടി ദേവസ്വം പ്രഖ്യാപിക്കുകയായിരുന്നു. പൂരം തകര്‍ക്കാനുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രതികരണം.