മനം നിറച്ച് പൂരനഗരി; വിസ്മയിപ്പിച്ച് കുടമാറ്റം; ശക്തന്റെ മണ്ണിൽ ജനസാഗരം
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം. വടക്കുംനാഥന് മുന്നിൽ തെക്കേഗോപുരനടയിൽ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം. രാംലല്ല, അയോധ്യ രാമക്ഷേത്രം, ഐഎസ്ആർഒ ഉൾപ്പെടെ കുടമാറ്റത്തിൽ ഇടം പിടിച്ചു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീർത്തു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരു ഭാഗങ്ങളിലായി നിരന്നു.
കുടമാറ്റത്തിന് സാക്ഷിയാകാൻ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുൻപിലും സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കും. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തിൽ വരവ് ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറമേളവും ആരംഭിക്കുകയായിരുന്നു.