Kerala

‘പിവിആർ കയ്യൂക്ക് കാണിക്കുന്നു’; നഷ്ടം നികത്താതെ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്ക

Spread the love

പിവിആര്‍ മലയാള ചിത്രങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ പ്രതികരണവുമായി ഫെഫ്ക. പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചു. ഈ നിലപാടിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചു.വാര്‍ത്താസമ്മേളനത്തിലാണ് ഫെഫ്ക ഭാരവാഹികളുടെ പ്രതികരണം.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

രണ്ടുദിവസത്തിനു മുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകർ പറയുന്നു.

ഇതിനിടെ മുൻകൂർ ഫീസ് നൽകിയിരുന്നെങ്കിലും തന്റെ ചിത്രം ‘ആടുജീവിത’ത്തിന്റെ പ്രദർശനം ഒരറിയിപ്പുമില്ലാതെ പിവിആർ നിർത്തുകയായിരുന്നെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ പ്രദർശനം തുടരാനും അ‌വർ തയ്യാറായില്ലെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

പിവിആർ റിലീസ് നിർത്തിയത് ‘വർഷങ്ങൾക്കു ശേഷ’ത്തിന്റെ റിലീസിനെ ബാധിച്ചു. ഇത് പണത്തിന്റെയോ ലാഭത്തിന്റെയോ പ്രശ്നമല്ല, കലാകാരൻമാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.