National

ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നവര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണം; നോട്ടീസ് ഇറക്കി മണിപ്പൂര്‍ പൊലീസ്

Spread the love

മണിപ്പൂരില്‍ ലൈസന്‍സുള്ള ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നവര്‍ എത്രയും വേഗം പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണമെന്ന് നോട്ടീസ്. മണിപ്പൂര്‍ പൊലീസാണ് നോട്ടീസിറക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് നീക്കം.

ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നതിന് ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും തിരികെ നല്‍കിയില്ലെങ്കില്‍ ആയുധങ്ങള്‍ ഭരണകൂടം കണ്ടുകെട്ടുമെന്നും ഇംഫാല്‍ വെസ്റ്റ് എസ്പി കെ.ഷ് ശിവകാന്ത പറഞ്ഞു. ഇതിനോടകം നാല്‍പത് ശതമാനം ആയുധങ്ങളാണ് പൊലീസിന്റെ കൈവശം ആളുകള്‍ തിരികെ ഏല്‍പ്പിച്ചത്. പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുമെന്നും എന്നാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും മണിപ്പൂര്‍ പൊലീസ് പറഞ്ഞു.

ഏപ്രില്‍ 19, 26 തീയതികളിലാണ് മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ്. സംഘര്‍ഷങ്ങള്‍ക്കിടെ കുടിയിറപ്പെട്ടവര്‍ക്ക് പ്രത്യേകമായി 29 പോളിങ് സ്‌റ്റേഷനുകള്‍ തയ്യാറാക്കുന്നുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, ചുരാചന്ദ്പൂര്‍, കാങ്പോക്പി, തെങ്നൗപാല്‍ എന്നിവിടങ്ങളിലാണ് പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍.