technology

ടെസ്‌ല ഇന്ത്യയിലേക്കോ? മോദിയെ കാണാൻ മസ്ക് വരുന്നൂ

Spread the love

ഇലക്ട്രോണിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളും വാർത്തകളും കുറച്ച് അധികം നാളുകളായി അഭ്യൂഹങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ വാഹന നിർമാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങൾ പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി രം​ഗത്തിയിരിക്കുകയാണ് ടെസ്‌ലയുടെ മേധാവി ഇലോൺ മസ്ക്. ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുമായുള്ള സന്ദ‍ർശനത്തിൽ ടെസ്‌ലയുടെ ഇന്ത്യൻ നിക്ഷേപ പദ്ധതികളും പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏപ്രിൽ 22-ന് ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നാണ് സൂചന. എന്നാൽ മസ്‌കിൻ്റെ സന്ദർശനം സ്ഥിരീകരിക്കാൻ ടെസ്‌ലയ്ക്ക് അയച്ച മെയിലിന് മറുപടി ലഭിച്ചിട്ടില്ല. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് മസ്ക് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ മസ്കിന്റെ സന്ദർശനവും നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും രാഷ്ട്രീയമായി പ്രധാനമന്ത്രിക്ക് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൽ സന്ദർശ വേളയിൽ അദ്ദേഹം ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024-ൽ ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ച മസ്ക് ടെസ്‌ല ഇന്ത്യൻ വിപണിയിൽ എത്തിക്കാനും കഴിയുമെന്നും അദ്ദേഹം മോദിയെ അറിയിച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാർ പുതിയ ഇലക്ട്രിക വാഹന നയം അവതരിപ്പിരിപ്പ് ആഴ്ചകൾക്ക് ശേഷമാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം. പുതിയ നയം അനുസരിച്ച് 500 മില്യൺ ഡോളറിൻ്റെ നിക്ഷേപത്തിന് ഒപ്പം രാജ്യത്ത് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവ ഇളവ് നൽകുന്നതാണ് പുതിയ നയം.

ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ടെസ്‌ല ഇന്ത്യൻ സർക്കാരിനെ സമീപിച്ചിരുന്നു. ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതോടെ വാഹനമേഖലയ്ക്ക് നേട്ടമുണ്ടാകുന്നതിനൊപ്പം തൊഴിൽ സാധ്യതയുമുണ്ടാകുമെന്നാണ് അവകാശവാദങ്ങൾ. ഇന്ത്യയിൽ വാഹന നിർമാണശാല തുറക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളിലാണ് ടെസ്‌ലയെന്നും സൂചനകളുണ്ട്.