Friday, December 13, 2024
Kerala

കെ സുരേന്ദ്രൻ നാളെ പത്രിക സമര്‍പ്പിക്കും; സ്മൃതി ഇറാനി വയനാട്ടിലേക്ക്

Spread the love

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. നാളെ രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്.

‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറെ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു അമേഠിയിൽ നടന്നത്.മണ്ഡല ചരിത്രത്തിൽ രണ്ട് തവണ മാത്രമായിരുന്നു 2019ന് മുൻപ് കോൺഗ്രസ് അമേഠിയിൽ പരാജയപ്പെട്ടത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ പലതവണ വിജയിപ്പിച്ച മണ്ഡലത്തിൽ കഴിഞ്ഞതവണ രാഹുൽ വീഴുകയായിരുന്നു. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം കൂടിയാണിത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്ത്തിയത്. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്‍റെ വയനാട്ടിലേക്കും സ്മൃതി ഇറാനി വരുന്നത്. നേരത്തെയും പലതവണ വയനാട് മണ്ഡലത്തിൽ സ്മൃതി ഇറാനിയെത്തിയിരുന്നു.