Kerala

വിശാഖപട്ടണം ഫിഷിംഗ് ഹാർബറിൽ വൻ തീപിടിത്തം; 25 ബോട്ടുകൾ കത്തിനശിച്ചു, കോടികളുടെ നാശനഷ്ടം

Spread the love

വിശാഖപട്ടണം തുറമുഖത്ത് ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. 25 മത്സ്യബന്ധന ബോട്ടുകൾ പൂർണമായി കത്തിനശിച്ചു. 4-5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 15 ലക്ഷം വീതം വിലവരുന്ന 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ബോട്ടുകളിൽ ഡീസൽ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനം അപകടത്തിന്റെ തീവ്രത കൂട്ടി. ഇതോടെ ഹാർബറിൽ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.

നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇന്ത്യൻ നേവിയുടെ ഒരു കപ്പൽ കൊണ്ടുവരേണ്ടി വന്നു. സാമൂഹിക വിരുദ്ധരാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത്. ബോട്ടുകളിലൊന്നിൽ നടന്ന പാർട്ടിയും അപകടകരണമായി പറയപ്പെടുന്നു.

തീ പടരാതിരിക്കാൻ മറ്റു ബോട്ടുകളുടെ കെട്ടഴിച്ച് ഒഴുക്കിവിട്ടെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും ഇവയെ ജെട്ടിയിലേക്ക് തിരികെ എത്തിച്ചെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

ഉപജീവനമാർഗം കത്തിനശിക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ ശ്രമിക്കുന്നതും ഈ വീഡിയോയിൽ കാണാം.