National

അഴുക്കുചാൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണു; പുതുച്ചേരിയിൽ അഞ്ച് തൊഴിലാളികൾ മരിച്ചു

Spread the love

പുതുച്ചേരിയിൽ അഴുക്കുചാൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. രണ്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ, സമീപത്തെ വൈദ്യുത വകുപ്പ് ഓഫിസിൻ്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.

ഇന്ന് രാവിലെ പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തെ വസന്ത് നഗറിലാണ് അപകടം. മതിലിനോട് ചേർന്നുള്ള അഴുക്കുചാൽ നിർമിയ്ക്കുന്നതിനായി 16 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി. അരിയല്ലൂർ ജില്ലയിലെ നെടാകുറിച്ചി സ്വദേശികളായ ഭാഗ്യരാജ്, ബാലമുരുകൻ, അന്തോണിസാമി, കമൽഹാസൻ, രാജേഷ് കണ്ണൻ എന്നിവരാണ് മരിച്ചത്. മതിൽ ഇടിയുന്നത് കണ്ട്, എതിർഭാഗത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടിമാറുകയായിരുന്നു.

തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലിസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാലുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്നുപേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. പിന്നീടാണ് ആശുപത്രിയിൽ കഴിഞ്ഞ രണ്ടുപേർ കൂടി മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.