Kerala

ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ

Spread the love

തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ലിറ്ററിന് 1500 രൂപക്കാണ് ചാരായം വിറ്റിരുന്നത്. 90000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലും ഇലക്ഷൻ കാലത്തും വില്പനക്കായി കരുതി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇത്തരത്തിൽ വറ്റിയ ചാരായത്തിന് വൻ ഡിമാൻഡ് ആണ്.

ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എപി പ്രവീൺകുമാർ, ടിഎസ് സുരേഷ്‌കുമാർ പ്രിവെൻറ്റീവ് ഓഫീസർ മാരായ വിആർ ജോർജ്, കെജി സന്തോഷ്ബാബു, എംകെ കൃഷ്ണപ്രസാദ് പിബി സിജോമോൻ, വിവി കൃഷ്ണകുമാർ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രസീത ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.