‘മാസപ്പടി വിവാദത്തിൽ കെ സി വേണുഗോപാലിന്റെ വീട്ടിലും ഇ ഡി എത്തും’; ശോഭ സുരേന്ദ്രൻ
മാസപ്പടി വിവാദത്തിൽ കെ സി വേണുഗോപാലിന്റെ വീട്ടിലും ഇ ഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ. വീണാ വിജയന്റെയും പിണറായി വിജയന്റെയും കെ സി വേണുഗോപാലിന്റെയം എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇഡി എത്തുമെന്ന് ശോഭ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ടവരെ ജയിലിലടക്കുമെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
കരിമണൽ കർത്തക്ക് എതിരെ വിജിലൻസ് അന്വേഷണം ഉണ്ടായോ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായോ എന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. എക്‌സാലോജിക്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ സുഹൃത്താണ് കെസി വേണുഗോപാലും മുഖ്യമന്ത്രിയുമെന്ന് അവർ ആരോപിച്ചു.
പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ എന്താകും കോൺഗ്രസിന്റെ നിലപാടെന്ന് ശോഭ ചോദിച്ചു. മാസപ്പടി വിവാദത്തിൽ ഇഡി കഴിഞ്ഞദിവസം തുടർനടപടികളിലേക്ക് കടന്നിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്തു. കേസിൽ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടന്നത്.