Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ നിർദേശങ്ങളുമായി സീറോ മലബാർ സഭ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ച് സീറോ മലബാർ സഭ. ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം. വന്യജീവി ആക്രമണത്തിന് പരിഹാരം കണ്ടെത്തണമെന്നും EWS മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നുമാണ് സഭ മുന്നോട്ട് വെക്കുന്ന മറ്റ് നിർദ്ദേശങ്ങൾ.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും രാഷ്ട്രീയപാർട്ടികൾക്കും മുന്നിൽ നിലപാട് തുറന്നു പറയുകയാണ് സീറോ മലബാർ സഭ. ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്ക അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നാണ് പ്രധാന ആവശ്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണ മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് സീറോ മലബാർ സഭ മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ ആവശ്യം. സംസ്ഥാനത്തെ വന്യജീവി പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യവും സഭ മുന്നോട്ട് വെക്കുന്നുണ്ട്.

നിലവിലെ വനം വന്യജീവി നിയമങ്ങൾ മനുഷ്യ പക്ഷത്തുനിന്ന് മാത്രമേ നടപ്പാക്കാവൂ എന്ന്, സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമ്പോൾ തന്നെ മനുഷ്യവിരുദ്ധ വകുപ്പുകൾ പൂർണമായി ഒഴിവാക്കി നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു. തെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ മുൻനിർത്തിയാകും പരിഗണന ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് സീറോ മലബാർ സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.