National

കെജ്‌രിവാളിന് പകരം സുനിത കെജ്‌രിവാൾ? ചർച്ചകൾ സജീവം

Spread the love

സുനിത കെജ്രിവാൾ ഇന്ന് ഇന്ത്യക്കാർക്ക് അപരിചിതയല്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിലായതിനു ശേഷം രണ്ടുതവണയാണ് സുനിത മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഒട്ടും പതാറാതെ സമചിത്തതയോടെ കെജ്രവാളിൻ്റെ സന്ദേശം രാജ്യത്തോട് പങ്കുവെച്ചു അവർ. മദ്യനയ അഴിമതിക്കേസിൽ ഇന്ന് വിചാരണക്കോടതിയിൽ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ഒരു അധികാരക്കൈമാറ്റത്തിന് സാധ്യതകളേറെയാണ്. അരവിന്ദ് കെജ്രിവാളിന് പിൻഗാമി ആര് എന്ന ചോദ്യത്തിന് ആംആദ്‌മി പാർട്ടി കണ്ടുവെച്ചിരിക്കുന്നത് ഭാര്യ സുനിത കെജ്രിവാളിനെ ആണെന്നാണ് അഭ്യൂഹങ്ങൾ.

അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ സുനിത എക്സിൽ കുറിച്ചു “അധികാരം തലയ്ക്കുപിടിച്ച മോദി നിങ്ങൾ മൂന്നുവട്ടം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. എല്ലാവരെയും തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഡൽഹി ജനതയോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എന്നും നിങ്ങൾക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. അകത്തായാലും, പുറത്തായാലും അദ്ദേഹത്തിൻ്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്.”

കെജ്രിവാളിൻ്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടതിന് കേന്ദ്ര മന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ സുനിതയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. റാബ്റി ദേവിയുമായി സുനിത കെജ്രിവാളിനെ താരതമ്യം ചെയ്താണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വിവാദത്തിലായത്. കാലിത്തീറ്റ കുംഭകോണത്തിൽ പെട്ട് ബീഹാർ മുൻ മുഖ്യമന്ത്രി അറസ്റ്റിലായപ്പോൾ റാബറി ദേവി മാധ്യമങ്ങളെ കാണുകയും പിന്നീട് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.