Kerala

ഒന്നാം പ്ലാറ്റ്‍ഫോം, അടച്ചിട്ട വഴിയിൽ ബാഗിലാക്കി മൂന്ന് കെട്ടുകൾ; തുറന്ന് നോക്കിയപ്പോൾ മൂന്നര കിലോ കഞ്ചാവ്

Spread the love

കണ്ണൂര്‍: കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷന് അടുത്ത് മൂന്നര കിലോ കഞ്ചാവ് പിടികൂടി. ഒന്നാം പ്ലാറ്റ്ഫോമിന് അടുത്ത് അടച്ചിട്ട വഴിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗിൽ മൂന്ന് കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു ക‌ഞ്ചാവ്. തലശ്ശേരി ആർപിഎഫ് ക്രൈം ബ്രാഞ്ചിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളും പാർട്ടിയും, ആർപിഎഫ്/സിഐബി പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒമ്പത് കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. അതേസമയം, കോട്ടയത്ത് നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായിട്ടുണ്ട്.

മൂന്നര ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മൂന്നു പേരും ബിരുദാനന്തര ബിരുദധാരികളാണ്. ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി ജെത്രോ വര്‍ഗീസ്,സഹോദരന്‍ ജുവല്‍ വര്‍ഗീസ് എന്നിവരും ഇവരുടെ സുഹൃത്ത് സോനു രാജുവുമാണ് അറസ്റ്റിലായത്. ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കണ്ട് സംശയം തോന്നി വാഹനം പരിശോധിക്കുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു.

എക്സൈസ് സംഘത്തെ കണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് 3.5 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. അളവ് കൃത്യമാക്കി ചെറു പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്നാണ് എക്സൈസിന്‍റെ അനുമാനം.