National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ സര്‍വകലാശാലയില്‍ പ്രതിഷേധം; നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

Spread the love

പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്തതിന് എതിരെ ഡല്‍ഹിയിലെ കലാലയങ്ങളില്‍ പ്രതിഷേധം. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധത്തിന് ഡിഎസ്എഫ് ആഹ്വാനം ചെയ്തു.

പൗരത്വ ഭേദഗതി വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ട് ദിവസം പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തും. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുകയാണ്. നിയമത്തിനെതിരെ പാലക്കാട് പന്തം കൊളുത്തി പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ സി റിയാസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതിനിടെ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമ ഭേദഗതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.