Kerala

‘മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യരുടെ ചോരയാണോ വലുത്?’; പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമെന്ന് ഷാഫി പറമ്പിൽ

Spread the love

ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്ക് എന്ന് ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണ്. ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളത് എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

ഹോസ്റ്റലുകളിൽ കര്യങ്ങൾ നടക്കുന്നത് പാർട്ടിയുടെ അലിഖിത നിയമങ്ങൾ അനുസരിച്ചാണ്. എസ്എഫ്ഐയെ ഉപയോഗിക്കുന്നത് കൊടി സുനിമാരെ ഉത്പാദിപ്പിക്കാനാണ്. കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി ആയി എസ്എഫ്ഐ മാറി. ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസ്സുണ്ടോ? മരപ്പട്ടിയുടെ മൂത്രം വസ്ത്രത്തിലും വീട്ടിലും വീഴുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്നം. മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യരുടെ ചോരയാണോ വലുതെന്ന് ചിന്തിക്കണം. സ്റ്റുഡൻ്റ്സ് ഡീൻ എന്ന പേരിൽ അവിടെ ഭരണം നടത്തിയിരുന്നത് ഒരു ലോക്കൽ കമ്മിയാണ്. സിദ്ധാർത്ഥിൻ്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് സ്ലോമോഷനാണ് എന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

സിദ്ധാര്‍ത്ഥന്റെ മരണത്തിനിടെയാക്കായി സംഭവത്തില്‍ അധികൃതരുടെ വീഴ്ച പരിശോധിക്കാന്‍ വെസ് ചാന്‍സലര്‍ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഡീന്‍, അസിസ്റ്റന്‍ഡ് വാര്‍ഡന്‍ എന്നിവരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ എം കെ നാരായണനെയും അസി. വാര്‍ഡന്‍ ഡോ കാന്തനാഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ ഇവര്‍ നല്‍കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി. മരണം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ടുവെന്നും നിയമപരമായാണ് എല്ലാം ചെയ്തതെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്.

വൈകിയെങ്കിലും ഇരുവര്‍ക്കുമെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് വ്യക്തമാക്കി. ഡീനിനും അസി. വാര്‍ഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് പറഞ്ഞു. ഇരുവരെയും പ്രതിചേര്‍ക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മാവന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ലെന്നും ആത്മഹത്യയാക്കി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുമാർ പ്രതികരിച്ചിരുന്നു. ശുചിമുറിയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറിയെന്നും മറ്റൊരാള്‍ വാതില്‍ ചവിട്ടി പൊളിച്ചെന്നും പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി തന്നോട് വെളിപ്പെടുത്തിയെന്ന് ജ്യോതിഷ് കുമാര്‍ പറഞ്ഞു.