National

മഹാദേവ് വാതുവെപ്പ് ആപ്പ്: രണ്ട് പേർ കൂടി അറസ്റ്റിൽ

Spread the love

മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ രണ്ട് പേരെ കൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആപ്പ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എബിലിറ്റി ഗെയിംസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സൂരജ് ചൊഖാനി, ഗിരീഷ് തൽരേജ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റായ്പൂർ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇതേ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ ഒരാളായ നിതീഷ് ദിവാനെ പിടികൂടിയതിന് പിന്നാലെയാണ് ഈ അറസ്റ്റുകൾ. ഇയാൾ നൽകിയ മൊഴികളിലെ സത്യാവസ്ഥ ബോദ്ധ്യപ്പെടുന്നതിനാണ് സുരാജ് ചോഖനി, ഗിരീഷ് തൽരേജ എന്നിവരെ ചോദ്യം ചെയ്തത്. എന്നാൽ, ഇവർ നൽകിയ മൊഴികൾ പരസ്പരവിരുദ്ധമണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ഇഡി കസ്റ്റഡിയിലെടുത്തതും, പിന്നീട് അറസ്റ്റിലേക്ക് നയിച്ചതും.

മഹാദേവ് ഓൺലൈൻ വാതുവെപ്പ്, ഗെയിമിംഗ് ആപ്പ് കേസിൽ നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) കഴിഞ്ഞ ആഴ്ച രാജ്യത്തുടനീളമുള്ള 15 ലധികം സ്ഥലങ്ങളിൽ റെയ്‌ഡുകൾ നടത്തിയിരുന്നു. കേസിൽ അസിം ദാസ്, ഭീം സിംഗ് യാദവ്, ചന്ദ്രഭൂഷൺ വർമ്മ, അനിൽ കുമാർ അഗർവാൾ, സുനിൽ ദമ്മാനി, സതീഷ് ചന്ദ്രകർ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ആപ്പ് വഴി അനധികൃതമായി ഉണ്ടാക്കിയ പണം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.