Kerala

ടിപി വധക്കേസ്: പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

Spread the love

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുള്ള സർക്കാരിന്റെ അപ്പീൽ പരിഗണിക്കും. പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കൊടി സുനി, കിർമാണി മനോജ്, ജ്യോതിബാബു, അനൂപ്, കെകെ കൃഷ്ണൻ ഉൾപ്പെടെയുള്ളവരെയാണ് കോടതിയിൽ ഹാജരാക്കുക.

*കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക. ഒന്നുമുതൽ എട്ടുവരെ പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളെയും ഏഴാം പ്രതിയെയും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയതിന്റെ നടപടികളും ഇതോടൊപ്പമുണ്ടാകും.

പ്രതികളുടെ വിശദീകരണവും ശിക്ഷാവിധിയിന്മേൽ അഭിഭാഷകരുടെ വാദവും കേൾക്കും. പ്രതികൾ കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടും ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തുടർന്നാവും ശിക്ഷാവിധിയിൽ ഹൈക്കോടതി തീരുമാനമെടുക്കുക. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് സിപിഐഎം മുൻ നേതാവും ആർഎംപി സ്ഥാപക നേതാവുമായ ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.