Kerala

വയനാട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Spread the love

വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആൻറി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.

അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോളജ് അധികാരികളുടെ മൗനം വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി കെഎസ്‌യു ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ട്.