National

മാർച്ച്‌ 14 ന് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത്; പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ

Spread the love

മാർച്ച്‌ 14 ന് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുമെന്ന പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജ്യവാൾ. ഡൽഹി രാം ലീല മൈതാനിൽ ആണ് കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുക. കർഷകർക്ക് നേരെ വെടിവച്ച ഹരിയാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കൊലക്കെസ് എടക്കണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും BKU ആവശ്യപ്പെട്ടു

ഖനൗരിയിൽ മരിച്ച യുവ കർഷകന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. കർഷകന്റെ വായ്പകൾ എഴുതിത്തള്ളണം. സംഘട്ടനത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ബൽബീർ സിംഗ് രാജ്യവാൾ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെതിരായ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിലാണ് യുവ കർഷകൻ മരിച്ചത്. കർഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള കർഷകൻ മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപിച്ച് കർഷകർ അപ്പോൾ തന്നെ രം​ഗത്തെത്തിയിരുന്നു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് വൻ സംഘർഷമുണ്ടായത്.

Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം തുടരാൻ തീരുമാനിച്ചത്. കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാർക്കും നിർദ്ദേശമുണ്ട്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കർഷകരും ഒരുക്കിയിട്ടുണ്ട്. കണ്ണീര്‍ വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്. 1200 ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയുമായി 14,000 കർഷകരാണ് ശംഭുവിൽ എത്തിയത്.