National

ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് റീകൗണ്ടിങ്; ആം ആദ്മി സ്ഥാനാർത്ഥിക്ക് ജയം

Spread the love

ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാർ വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രിം കോടതി. അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടുത്തി കോടതിയിൽ വച്ച് തന്നെ റീകൗണ്ടിംഗ് നടത്തിയാണ് കോടതിയുടെ തീരുമാനം. വോട്ടുകൾ അസാധുവാക്കിയ വരണാധികാരി അനിൽ മസീഹിന് കാരണം കാണിക്കാൻ നോട്ടീസ് നൽകി.

ബാലറ്റ് പേപ്പറുകൾ വികലമാണെന്ന വരണാധികാരിയുടെ വാദം തെറ്റാണെന്ന് ബാലറ്റ് പരിശോധിച്ചപ്പോൾ കോടതിക്ക് ബോധ്യമായി. കോടതിയിൽ നടത്തിയ തെറ്റായ പ്രസ്താവനയുടെ ഉത്തരവാദിത്വം വരണാധികാരി ഏറ്റെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയുടെ തെരഞ്ഞെടുപ്പ് ഫലം സുപ്രിംകോടതി റദ്ദാക്കി.

അസാധുവാക്കിയ 8 വോട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 8 ബാലറ്റ് പേപ്പറുകൾ അസാധുവാക്കാൻ പ്രിസൈഡിങ് ഓഫീസർ ബോധപൂർവ്വം ശ്രമം നടത്തി എന്ന് കോടതി നിരീക്ഷിച്ചു. 8 ബാലറ്റുകളിലും വോട്ട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് പേപ്പറുകൾ അസാധുവാക്കുന്നതിനുവേണ്ടി വരണാധികാരി വര വരച്ചു. ഗുരുതരമായ ചട്ട ലംഘനം ഉണ്ടായി. 8 ബാലറ്റ് പേപ്പറുകളിൽ ഭരണാധികാരി പ്രത്യേകം അടയാളപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് എന്നും കോടതി പറഞ്ഞു.

പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ് ബിജെപി നേതാവായ മനോജ് സോങ്കർ മേയർ വിജയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബാലറ്റ് പേപ്പറുകളിൽ വരയ്ക്കുന്ന പ്രിസൈഡിങ് ഓഫീസറിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. വിഷയം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപായി മനോജ് സോങ്കർ മേയർ സ്ഥാനം രാജിവച്ചിരുന്നു.