National

‘ഞാൻ എന്തിന് മോദിയെ രാത്രി പോയി കാണണം?’ ഗുലാം നബി ആസാദിനെ തള്ളി ഫാറൂഖ് അബ്ദുള്ള

Spread the love

മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിൻ്റെ അവകാശവാദം തള്ളി നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള. മോദിയെയോ അമിത് ഷായെയോ രാത്രി പോയി കാണേണ്ട ആവശ്യം തനിക്കില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും വസതിയിൽ ഇരിക്കുന്ന ഏജൻ്റുമാരുടെ പേരുകൾ ഗുലാം നബി ആസാദ് വെളിപ്പെടുത്തണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

‘എനിക്ക് മോദിയെയോ അമിത് ഷായെയോ കാണണമെന്നുണ്ടെങ്കിൽ ഞാൻ അവരെ പകൽ പോയി കാണും. രാത്രി പോയി കാണേണ്ട ആവശ്യം തനിക്കില്ല. ഞാൻ എന്തിന് രാത്രിയിൽ അവരെ കാണണം? ഫാറൂഖ് അബ്ദുള്ളയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണം എന്ത്? ഗുലാം ഒരു കാര്യം ഓർക്കണം, അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകാൻ ആരും ആഗ്രഹിക്കാതെ വന്നപ്പോൾ, ഞാനാണ് രാജ്യസഭാ സീറ്റ് നൽകിയത്… പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും വസതിയിൽ ഇരിക്കുന്ന തൻ്റെ ഏജൻ്റുമാരുടെ പേരുകൾ അദ്ദേഹം പറയണം. സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കും’- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും രാത്രിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഗുലാം നബി ആസാദിൻ്റെ അവകാശവാദം. ‘ശ്രീനഗറില്‍ ഒന്ന്, ജമ്മുവില്‍ മറ്റൊന്ന്, ഡല്‍ഹിയില്‍ മറ്റെന്തെങ്കിലും’ എന്ന രീതിയിലാണ് ഇരുവരുടെയും നിലപാടിലെ ഇരട്ടത്താപ്പെന്നും അദ്ദേഹം ആരോപിച്ചു.