Sports

അപ്രതീക്ഷിത ആഘാതം; ആർ അശ്വിന്‍ കുടുംബപരമായ കാരണങ്ങളാല്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി

Spread the love

രാജ്കോട്ട്: കുടുംബ സംബന്ധമായ ആരോഗ്യ സാഹചര്യത്തെ തുടർന്ന് ഇന്ത്യന്‍ സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി. രാജ്കോട്ടില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം പൂർത്തിയായതിന് പിന്നാലെയാണ് അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത് എന്ന് ബിസിസിഐ അറിയിച്ചു. ഈ പ്രതികൂല സാഹചര്യത്തില്‍ അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുന്നതായി ബിസിസിഐ വ്യക്തമാക്കി.

കുടുംബത്തിലെ ആർക്കോ മെഡിക്കല്‍ എമർജന്‍സി വന്നതിനെ തുടർന്നാണ് രവിചന്ദ്രന്‍ അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത് എന്നാണ് സൂചന. എന്നാല്‍ താരത്തിന്‍റെയും കുടുംബത്തിന്‍റേയും സ്വകാര്യതയെ മാനിച്ച് ഇക്കാര്യം ബിസിസിഐ വിശദീകരിച്ചിട്ടില്ല. ‘അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും അറിയിക്കുന്നു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രതിസന്ധിക്കാലത്ത് അശ്വിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയെ ബിസിസിഐ മാനിക്കുന്നു. അശ്വിന് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ ബോർഡ് സജ്ജമാണ്. അശ്വിന്‍റെ സാഹചര്യം ആരാധകരും മാധ്യമങ്ങളും മനസിലാക്കും എന്ന് കരുതുന്നതായും’ ബിസിസിഐ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

അശ്വിന്‍ പിന്‍മാറിയതോടെ 10 താരങ്ങളും ഒരു സബസ്റ്റിറ്റ്യൂട്ട് ഫീല്‍ഡറുമായാവും ടീം ഇന്ത്യ രാജ്കോട്ട് ടെസ്റ്റിലെ അവശേഷിക്കുന്ന ദിനങ്ങള്‍ കളിക്കുക. വിരാട് കോലിക്കും കെ എല്‍ രാഹുലിനു പിന്നാലെ അശ്വിനും മത്സരം നഷ്ടമാകുന്നത് ടീം ഇന്ത്യയുടെ കോംബിനേഷനെ ബാധിക്കുമെന്നുറപ്പ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് എന്ന ഐതിഹാസിക നാഴികക്കല്ല് പിന്നിട്ട അതേ ദിവസമാണ് കുടുംബപരമായ കാരണങ്ങളാല്‍ ആർ അശ്വിന് ടീമിനോട് യാത്ര പറയേണ്ടിവന്നത്. രാജ്കോട്ടിലെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 വിക്കറ്റ് ക്ലബിലെത്തിയത്. വേഗത്തില്‍ 500 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ ഓഫ് സ്പിന്നർ മാറി. 98-ാം ടെസ്റ്റിലാണ് അശ്വിന്‍റെ 500 വിക്കറ്റ് നേട്ടം. മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗില്‍ 89 പന്തില്‍ നിർണായക 37 റണ്‍സും അശ്വിന്‍ നേടിയിരുന്നു