Kerala

‘പോളിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിട്ടില്ല, വീഴ്ച പരിശോധിക്കും’; വനംമന്ത്രി

Spread the love

വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിനെ അനുകൂലിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. ഹർത്താൽ നടത്തേണ്ട സാഹചര്യമാണെന്നും ഹർത്താലിനെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം ഉണ്ടായിട്ടില്ല. എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യം രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിന് ചികിത്സ നൽകുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ വനംമന്ത്രി കുടുംബത്തിൻ്റെ പരാതി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിതല സംഘം വയനാട്ടിലേക്ക് പുറപ്പെടുമെന്നും തദ്ദേശം, വനം, റവന്യൂ മന്ത്രിമാർ സംഘത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ജില്ലയിൽ 17 ദിവസത്തിനിടെ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ
വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചത്.

പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് പോളിന്‍റെ ബന്ധുക്കള്‍.