Friday, December 13, 2024
Kerala

തൃപ്പൂണിത്തുറ സ്ഫോടനം: കരാറുകാരന്റെ ഗോഡൗണിൽ പൊലീസ് പരിശോധന; കഞ്ചാവും വലിയ പടക്കങ്ങളും കണ്ടെത്തി

Spread the love

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസിന്റെ പരിശോധന. ആളൊഴിഞ്ഞ പുരയിടത്തിൽ വലിയ പടക്കങ്ങൾ കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. പൊട്ടിത്തെറിയിൽ ആദർശിന് ഗുരുതര പരുക്ക് പറ്റി ചികിത്സയിലാണ്.

പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നു. പൊലീസ് പരിശോധനയിൽ ഗോഡൗണിൽ നിന്നും കഞ്ചാവ് കണ്ടെത്തി.

കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിലായിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ നേരത്തെ കസ്റ്റഡിയിലായിരുന്നു.

ഇതിനിടെ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നഷ്‌ടം സംഭവിച്ചവരുടെ വിവരങ്ങൾ റവന്യൂ വിഭാഗം ശേഖരിച്ചുതുടങ്ങി. മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക.

സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.

തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കനിവ് 108 ആംബുലൻസുകൾ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ​ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാല് പേർ അത്യാഹിത വിഭാ​ഗത്തിലാണ്. വലിയ സ്ഫോടനമാണുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ‌