Friday, December 13, 2024
Kerala

മലപ്പുറം കാളികാവില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി; മാംസം ഭക്ഷിച്ച നിലയില്‍

Spread the love

മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

കടുവയോ പുലിയോ കാട്ടാനക്കുട്ടിയെ ആക്രമിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടു ദിവസം മുന്നേ കാട്ടാനക്കുട്ടി വനമേഖലയില്‍ ഒറ്റയ്ക്ക് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

ഇന്നലെ രാത്രിയില്‍ സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വന്യജീവി ഭീഷണി നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ മടങ്ങി. ഇന്ന് രാവിലെ ഉദ്യോഗസ്ഥര്‍ വനത്തിലേക്ക് പ്രവേശിക്കും. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.