Friday, December 13, 2024
Latest:
World

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ധാരണ; മാര്‍ച്ച് 10നകം ദ്വീപില്‍ നിന്ന് സൈനികര്‍ തിരികെയെത്തും

Spread the love

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ ധാരണ. മാര്‍ച്ച് 10നകം മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദ്വീപില്‍ സൈനികര്‍ക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലിദ്വീപില്‍ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്. മാര്‍ച്ച 15ന് മുന്‍പായി ഇന്ത്യന്‍ സൈനികരെ ദ്വീപില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു മുന്‍പ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 75 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുണ്ടായിരുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഉലച്ചിലിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ചേര്‍ന്ന രണ്ടാംതല ഉന്നതകോര്‍ യോഗത്തിന് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.

മാര്‍ച്ച് 10നകം തന്നെ ഇന്ത്യ സൈന്യത്തെ രിന്‍വലിക്കുമെന്നും മെയ് 10നകം പകരം ഉദ്യോഗസ്ഥരെ വിടാമെന്നും അറിയിച്ചതായി മാലിദ്വീപ് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യത്തെ പിന്‍വലിക്കണമെന്ന മാലിദ്വീപിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യാന്‍ ഈ മാസം 2നാണ് ഡല്‍ഹിയില്‍ ഉന്നതതല യോഗം നടന്നത്. വൈദ്യസഹായം ഉറപ്പാക്കാനും ഏവിയേഷന്‍ മേഖലയിലും ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണം തുടരുമെന്നും ഉന്നതതല യോഗത്തില്‍ ധാരണയായി.