സര്‍പ്രൈസ് സ്ഥാനാര്‍ഥികളാരൊക്കെ? എല്‍ഡിഎഫിന്‍റെ സാധ്യതാ ലിസ്റ്റിൽ പ്രമുഖരുടെ വന്‍ നിര, പ്രചാരണ ശൈലിയും മാറും
തിരുവനന്തപുരം: ലോക്സസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഈ മാസം പകുതിയോടെ അറിയാം. ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ മുന്നൊരുക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനൊപ്പം തെരഞ്ഞെടുപ്പ് നയസമീപനങ്ങളും ചര്‍ച്ച ചെയ്യാൻ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഒരാഴ്ചക്കകം ചേരും. സ്ഥാനാര്‍ത്ഥി സാധ്യത ലിസ്റ്റിൽ പ്രമുഖരുടെ വൻ നിരയാണുള്ളത്. ബിജെപി സ്വാധീന മണ്ഡലങ്ങളിൽ പ്രത്യേക പ്രചാരണ രീതികൾ അടക്കമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഏത് നിമിഷവും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാമെന്നതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകരുതെന്ന മട്ടിലാണ് ഇടത് ക്യാമ്പില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. 10 11 തീയതികളിൽ സിപിഐ നേതൃയോഗം, 11, 12 തീയതികളിൽ സിപിഎം സംസ്ഥാന സമിതി രണ്ട് യോഗങ്ങളിലും പ്രധാന അജണ്ട ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കമാണ്
സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ പ്രമുഖരുടെ വന്‍ നിരയാണുള്ളത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ വിഎസ് സുനിൽകുമാര്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എക്കാലത്തും തലവേദനയായ തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ അവസാന ലിസ്റ്റിലിടം നേടിയിട്ടുണ്ട്. വയനാട്ടിലാണെങ്കില്‍ ഊഹങ്ങൾക്ക് അപ്പുറത്തെ സസ്പെൻസിട്ട് ഒഴിഞ്ഞുമാറുകയാണ് സിപിഐ നേതാക്കൾ. തോമസ് ഐസക്ക് മുതൽ എകെ ബാലനും കെകെ ശൈലജയും കെ രാധാകൃഷ്ണനും ഇതിനുപുറമെ ഒരുപിടി പുതുഖങ്ങളുമെല്ലാം സിപിഎം സാധ്യതാ പട്ടികയിൽ തുടക്കം മുതലുണ്ട്. കൊല്ലത്ത് രണ്ട് എംഎൽഎമാരും ചിന്താ ജെറോമും പരിഗണനയിലുണ്ട്. ആലപ്പുഴയിൽ ആരിഫ് മാറില്ലെന്ന് കരുതുന്നവര്‍ക്ക് മുൻതൂക്കമുണ്ടെങ്കിലും ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കാന്‍ താല്‍പര്യമുണ്ട്.
പത്തനംതിട്ടയിൽ ഐസക്കോ രാജു എബ്രഹാമോ മത്സരിച്ചേക്കും. എറണാകുളത്ത് പൊതു സ്വതന്ത്രനും പാലക്കാട്ട് സ്വരാജിനും സാധ്യതയുള്ളപ്പോൾ വടകരയിലോ കണ്ണൂരോ കെകെ ശൈലജയെ പ്രതീക്ഷിക്കുന്നവരും ഉണ്ട്. കോഴിക്കോട്ട് ഡിവൈഎഫ്ഐ നേതാവ് വി വസീഫ് , ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രൻ എന്നിവരെ മത്സരിപ്പിക്കാനാണ് സാധ്യത. തിരുവനന്തപുരവും തൃശൂരും പോലെ ബിജെപി കച്ചകെട്ടി ഇറങ്ങുന്ന ഇടങ്ങളിൽ എല്‍ഡിഎഫിന്‍റെ പ്രചാരണ ശൈലിയിലടക്കം വലിയ മാറ്റങ്ങളുണ്ടാകും.