National

‘ഞാൻ രാജ്യസഭാംഗമാണ്, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’; ദിഗ്‌വിജയ സിംഗ്

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താൻ രാജ്യസഭാംഗമാണെന്നും രാജ്യസഭാ കാലാവധി രണ്ട് വർഷം കൂടി ബാക്കിയുണ്ടെന്നും ദിഗ്‌വിജയ സിംഗ് പറഞ്ഞു.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഇതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ സിംഗ് വ്യക്തമാക്കി.

താൻ രാജ്യസഭാംഗമായതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം ഉയരുന്നില്ല. ഇനിയും രണ്ട് വർഷത്തിലേറെ (രാജ്യസഭാ കാലാവധി) ശേഷിക്കുന്നുണ്ട്. രാജ്ഗഡ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും ദിഗ്‌വിജയ സിംഗ്. അടുത്തിടെ സംസ്ഥാന അധ്യക്ഷൻ ജിതേന്ദ്ര സിംഗ് ജില്ലാ കോൺഗ്രസ് പ്രസിഡൻ്റുമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിൽ മുതിർന്ന നേതാക്കൾക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ നേതാക്കൾക്കും ലോക്സഭാ ടിക്കറ്റ് നൽകുന്നതിനെക്കുറിച്ച് ചർച്ച നടന്നു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ദിഗ്‌വിജയ സിംഗ്, കാന്തിലാൽ ഭൂരിയ എന്നിവർക്ക് പുറമെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തരുൺ ഭാനോട്ട്, കമലേശ്വര് പട്ടേൽ, ഹീന കൻവ്രെ എന്നിവരുടെ പേരുകളും യോഗത്തിൽ ഉയർന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ദിഗ്‌വിജയ സിംഗ് ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും 3.65 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ പ്രജ്ഞാ സിംഗ് താക്കൂറിനോട് പരാജയപ്പെട്ടു.