Kerala

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് നിരക്ക് വര്‍ധന; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം; പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത്

Spread the love

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചതിനെതിരെ മുസ്ലിം ജമാഅത്ത്. യാത്രാ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.

അധിക നിരക്ക് ഹജ്ജ് തീര്‍ഥാടകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള അതിനെതിരെയുള്ള അവഗണനയുടെയും ഭാഗമാണ് നിരക്ക് വര്‍ധനവ് എന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. നിരക്ക് വര്‍ധനയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സമസ്തയുടെ യുവജനവിഭാഗമായ എസ്‌വൈഎസും പ്രതിഷേധവുമായി എത്തിയിരുന്നു.

യാത്രാ നിരക്ക് കുറച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്‌വൈഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഏറ്റവുമധികം തീര്‍ഥാടകര്‍ ഹജ്ജിന് പോകാന്‍ തിരഞ്ഞെടുത്ത വിമാനത്താവളം കരിപ്പൂരാണ്. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ചു കരിപ്പൂരില്‍നിന്ന് യാത്ര പോകുന്നവര്‍ക്ക് ഇരട്ടിത്തുകയാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടിവരിക. കണ്ണൂരില്‍നിന്ന് 89,000 രൂപയും നെടുമ്പാശേരിയില്‍നിന്ന് 86,000 രൂപയും ഹജ്ജ് യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കായി ഈടാക്കുമ്പോള്‍ കരിപ്പൂരില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ നല്‍കേണ്ടത് 165000 രൂപയാണ്.