Sports

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

Spread the love

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ടോം ഹാർട്ലിയുടെ പന്തിൽ ഒലി പോപ്പ് ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. പിന്നാലെ അതേ ഓവറില്‍ തന്നെ രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. 39 റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ട്ലി പുറത്താക്കി.

മധ്യനിര താരങ്ങൾ പ്രതിരോധിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അധിക നേരം ക്രീസിൽ തുടരാൻ ഇംഗ്ലണ്ട് ബോളർമാർ അനുവദിച്ചില്ല. കെ.എല്‍ രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 95 വരെയെത്തിച്ചു. പിന്നാലെ 17 റണ്‍സെടുത്ത അക്ഷറിനെയും ഹാര്‍ട്ലി പുറത്താക്കി. 22 റണ്‍സെടുത്ത രാഹുലിനെ ജോ റൂട്ട് മടക്കി. രണ്ട് റണ്‍സെടുത്ത രവീന്ദ്ര ജഡേജ റണ്ണൗട്ടായതോടെ ഇന്ത്യയെ ആറിന് 119 എന്ന നിലയിലായി.

ശ്രീകർ ഭരത് (59 പന്തിൽ 28), ആർ അശ്വിൻ (84 പന്തിൽ 28), മുഹമ്മദ് സിറാജ് (20 പന്തിൽ 12) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ആറ് റണ്‍സെടുത്ത ബുമ്ര പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ടും, ജാക്ക് ലീഷും ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ 100 റൺസിനു മുകളിൽ ലീഡ് നേടിയ ശേഷം ഇന്ത്യ ആദ്യമായാണ് ഒരു കളി തോൽക്കുന്നത്.