മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കെ.എസ്.യുവിന്റെ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്? ക്രൂരമായി മർദ്ദിച്ചത് എന്തിന്?: കെ.എസ്.യു
അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത് എന്ന് ഓർമ്മയുണ്ടോയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചോദിച്ചു.
ഏറ്റവുമൊടുവിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത് ജനാധിപത്യ കേരളം മറന്നിട്ടില്ല .കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എ.ഡി തോമസിനെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്.
കെ.എസ്.യുവിൻ്റെ കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിയുടെ സമീപനം ഏത് തരത്തിലായിരുന്നുവെന്ന് കേരളം കണ്ടതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന പൊറാട്ട് നാടകമാണ് ഇപ്പോൾ അരങ്ങേറുന്നത്. “കീലേരി അച്ചു ” ആവാനുള്ള ഗവർണ്ണറുടെ ശ്രമങ്ങളെ എസ്.എഫ്.ഐ ഇത്തരം പ്രതിഷേധങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പരിഹസിച്ചു.