Kerala

തന്റെ വാഹനത്തിൽ അടിക്കുന്നെങ്കിൽ തന്നെയും അടിച്ചോട്ടെ, എസ്.എഫ്.ഐ നേതാക്കൾ തെമ്മാടികൾ; ​ഗവർണർ

Spread the love

തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ നേതാക്കൾ തെമ്മാടികളാണെന്നും അവർക്ക് മറുപടിയില്ലെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്രയും പേരെ നിയന്ത്രിക്കാൻ പൊലീസിനായില്ലേ?. രാജ്യത്തെ ഏറ്റവും നല്ല പൊലീസിൽ ഒന്നാണ് കേരള പൊലീസ്. എന്നാൽ എന്ത് കൊണ്ട് അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പ്രവർത്തിക്കാൻ അനുവദിക്കാത്തത് രാഷ്ട്രീയ നേതൃത്വമാണ്. തന്റെ വാഹനത്തിൽ അടിക്കുന്നെങ്കിൽ തന്നെയും അടിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു

തനിക്ക് 72 വയസുണ്ട്. താൻ ആരെയും പേടിക്കില്ല. താൻ സുരക്ഷക്ക് കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിൻ്റെ സ്വന്തം തീരുമാനമാണത്. 23 പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എന്തുകൊണ്ട് പോലീസിനായില്ല. മുഖ്യമന്ത്രിയാണെങ്കിൽ ഈ സുരക്ഷയാണോ നൽകുക.

ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്നും ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കത്ത ഗവർണറെ അപായപ്പെടുത്താൻ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നിൽക്കേണ്ട ആവശ്യം ഗവർണർക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ രം​ഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണ്. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന മറ്റാരുമുണ്ടായിട്ടില്ല. പദവിയോടുള്ള ആദരവ് ദൗർബല്യമായി കാണരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. പദവി ആവശ്യമില്ലാത്തതാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ സമർത്ഥിക്കുന്നു. ഗവർണർ വഴിയരികിൽ തന്നെ ഇരിക്കട്ടെയെന്നാണ് തൻ്റെ അഭിപ്രായം. ഒരു കുടയും വെള്ളവും കൊടുത്ത് അവിടെ തന്നെ ഇരുത്തണമായിരുന്നു. പ്രതിഷേധക്കെതിരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് എന്ത് അധികാരം? ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല. പദവിയോടുള്ള ആദരവ് ദൗർബല്യമായി കാണരുത്. ഗവർണർ ചെയ്തത് ക്രിമിനൽ കുറ്റം, റോഡ് ഉപരോധിച്ച് മാർഗ്ഗ തടസ്സം ഉണ്ടാക്കി. ഗവർണറുടെ സുരക്ഷ വർധിപ്പിച്ച നടപടി അല്പത്തരം ആണെന്ന് പറഞ്ഞ ഇ.പി ജയരാജൻ സുരക്ഷാ ക്യാറ്റഗറി മാറ്റിയില്ലെങ്കിലും ഗവർണർ കേരളത്തിൽ സുരക്ഷിതനാണെന്ന് കൂട്ടിച്ചേർത്തു.

സർക്കാർ ഗവർണർ പോര് നാടകമാണെന്ന പ്രതിപക്ഷ വിമർശനത്തെയും അദ്ദേഹം പരിഹസിച്ചു. പറഞ്ഞ ശീലിച്ച വിമർശനമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ ഉപദേശം ഗവർണർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഗവർണറുടെ നാടകം ഇടതുമുന്നണിയുടെ ജനപിന്തുണ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.