National

‘രാജ്യത്തിന്റെ ശരീരത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1947ല്‍, ആത്മാവ് സ്വാതന്ത്ര്യം നേടിയത് ജനുവരി22ന്’; മോദിയെ പ്രകീര്‍ത്തിച്ച് മന്ത്രിസഭാ പ്രമേയം

Spread the love

അയോധ്യ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭ. 1974ല്‍ രാജ്യത്തിന്റെ ശരീരത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനുവരി 22നാണ് രാജ്യത്തിന്റെ ആത്മാവിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് മന്ത്രിസഭാ പ്രമേയത്തിലുണ്ട്. ജനുവരി 22ന് രാജ്യത്തെ എല്ലാവരും ആത്മീയ സംതൃപ്തി നേടിയെന്നും പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. മന്ത്രിസഭയെ പ്രതിനിധീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചത്.

നൂറ്റാണ്ടിന്റെ സ്വപ്‌നത്തെ പ്രധാനമന്ത്രി സാക്ഷാത്കരിച്ചതായി പ്രമേയം പറയുന്നു. പ്രധാനമന്ത്രി ജനനായകനായി ഉയര്‍ന്നും നവയുഗപ്പിറവിയുടെ നായകനായെന്നും മന്ത്രിസഭാ പ്രമേയം അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് അയോധ്യയിലെ പ്രാണപ്രതിഷ്ഠ കാണാനായത് ജനതയുടെ ജന്മാന്തരങ്ങളിലെ അപൂര്‍വ സൗഭാഗ്യമാണെന്നും മന്ത്രിസഭ പ്രകീര്‍ത്തിച്ചു.

ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് നടന്നതെന്ന് മന്ത്രിസഭാ പ്രമേയം പറയുന്നു. രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പ്രാണപ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു. ക്യാബിനറ്റ് വ്യവസ്ഥ നിലവില്‍ വന്നതിനുശേഷം ഇത്തരമൊരു നേട്ടമുണ്ടായിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു. ജനുവരി 22ന് കുറിയ്ക്കപ്പെട്ടത് ഇന്ത്യന്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണെന്നും മന്ത്രിസഭാ പ്രമേയം പറയുന്നു.