Kerala

ഉള്ളടക്കത്തിനു നിലവാരമില്ലാത്തതിനാലാണ് ഗവർണർ അത് വായിക്കാതിരുന്നത്’; സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്ന് വി മുരളീധരൻ

Spread the love

നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ അത് വായിക്കാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന വിമർശനമാണ് ഭരണപക്ഷം നടത്തുന്നത്. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

കള്ളപ്രചരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു. നയപ്രഖ്യാപനത്തിൻ്റെ ഉള്ളടക്കം വായിക്കാനുള്ള നിലവാരമില്ലാത്തത് കൊണ്ടാണ് ഗവർണർ വായിക്കാത്തത്. ഗവർണർ ഉചിതമായ രീതിയിൽ പ്രതികരിച്ചു. ലോക കേരളാ സഭയുടെ പേരിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റി.

രാജ്ഭവനെ അപമാനിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. ഗവർണറെ കുറ്റപ്പെടുത്താൻ കഴിയില്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഗവർണറുടേത്. ഗവർണർക്കെതിരായ പരാതി എൽ.ഡി.എഫ് നിങ്ങളോട് പറയുന്നില്ല എന്നേയുള്ളൂ. വരികൾക്കിടയിലൂടെ അത് വായിക്കുന്നവർക്ക് മനസ്സിലാകും. രാഷ്ട്രീയ പ്രചാരണം നടത്താനുള്ള വേദിയാക്കാൻ സർക്കാർ ശ്രമിച്ചു. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ല.

ഇടതുമുന്നണിയുടെ ഡൽഹി സമരത്തെ മുരളീധരൻ പരിഹസിച്ചു. തള്ള് സർക്കാർ നടത്തുന്ന തള്ള് നാടകമാണ് സർക്കാരിൻ്റേത്. പിണറായി വിജയൻ സർക്കാർ എന്നത് തള്ള് സർക്കാർ ആണ് ഇനിമുതൽ. ഡൽഹിയിൽ നല്ല തണുപ്പാണ്. നവകേരളയാത്രക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് ചിൽ ചെയ്യാനാണ് പോകുന്നത്. കേരള ഹൗസിൽ നിന്ന് ജന്ദർമന്തറിലേയ്ക്ക് നടന്ന് പോകാനേ അല്ലെങ്കിലും കഴിയൂ. ഇ.പി.ജയരാജൻ പല വിഡ്ഢിത്തരവും പറയും. സമരമല്ല സമ്മേളനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടർന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവർണർ സൂചിപ്പിച്ചു. കേന്ദ്രസർക്കാരിനെതിരെയുള്ള രൂക്ഷ വിമർശങ്ങൾ ഉൾക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവർണർ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.