Kerala

രഞ്ജിത്ത് കൊലക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

Spread the love

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ വിധി ജനുവരി 22 (തിങ്കളാഴ്ച) പറയും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക.

2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്. വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസ് 15 പേരാണ് വിചാരണ നേരിട്ടത്. മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍.

അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ പതിനെട്ടാം തിയതി രാത്രിയാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ഷാന്‍ വധക്കേസില്‍ 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.