Kerala

വിധി സ്വാഗതാർഹം, പ്രതികൾക്ക് ഏറ്റവും ഉചിതമായ ശിക്ഷ കോടതി വിധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ; കെ സുരേന്ദ്രൻ

Spread the love

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന കോടതി വിധി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ വിധി സ്വാഗതാർഹമാണ്.

പ്രതികൾക്ക് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ കോടതി വിധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രൺജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

”ആലപ്പുഴയിലെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി ക്രൂരമായി കൊല ചെയ്ത കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ വിധി സ്വാഗതാർഹമാണ്. പ്രതികൾക്ക് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ കോടതി വിധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. രൺജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണ്”- കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്.

ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ്, ജസീബ്, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി, ഷെര്‍നാസ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 15വരെയുള്ള പ്രതികള്‍.