ഭാരത് ജോഡോ ന്യായ് യാത്രാ സംഘാടകനായ മലയാളിയ്ക്കെതിരെ കേസെടുത്ത് അസം പൊലീസ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രാ സംഘാടകനായ മലയാളിക്കെതിരെ കേസ്. രാഹുൽ ഗാന്ധിയുടെ കോർ ഗ്രൂപ്പ് അംഗവും യാത്രയുടെ പ്രധാന സംഘാടകനുമായ മുൻ എസ്പിജി ഉദ്യോഗസ്ഥൻ കെബി ബൈജുവിനെതിരെയാണ് അസം പൊലീസ് കേസെടുത്തത്. ജനുവരി 18ന് അംഗീകരിച്ച പാതകളിൽ നിന്ന് മാറി യാത്ര നടത്തിയെന്നും മുൻ നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് മാറിയതിനാൽ അസമിലെ ജോർഹട്ടിൽ സംഘർഷാവസ്ഥയുണ്ടായി എന്നും അസം പൊലീസ് പറയുന്നു.
മുൻ നിശ്ചയിച്ച കെബി റോഡിനു പകരം വേറെ വഴിയിലേക്കാണ് യാത്ര പോയത് എന്ന് പൊലീസ് അറിയിച്ചു. ഇത് സംഘർഷാവസ്ഥയുണ്ടാക്കി. തിരക്ക് കാരണം ചിലർ നിലത്തുവീണു. ഇത് ആളുകൾക്കിടയിൽ സംഭ്രമം ഉണ്ടാക്കി. ജോർഹട്ട് സാദർ പൊലീസ് സ്റ്റേഷനിൽ യാത്രയുടെ സംഘാടകനെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.
എന്നാൽ, യാത്രയെ തടസപ്പെടുത്താനായാണ് ഇത്തരം കേസുകളെടുക്കുന്നതെന്ന് അസം പ്രതിപക്ഷ നേതാവ് ദേബ്രദത്ത സൈകിയ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. തന്നിരുന്ന റൂട്ട് വളരെ ഇടുങ്ങിയതായിരുന്നു. യാത്രയിൽ പങ്കുചേരാൻ നിരവധി ആൾക്കാരുണ്ടായിരുന്നു. അവരെ ഉൾക്കൊള്ളാൻ ഏതാനും മീറ്ററുകൾ മാത്രം മറ്റൊരു മാർഗം സ്വീകരിച്ചു. അസമിലെ ആദ്യ ദിനത്തിൽ യാത്രയുടെ വിജയം കണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭയന്നിരിക്കുകയാണ്. അതുകൊണ്ട് യാത്രയെ തകർക്കാൻ അദ്ദേഹം ശ്രമിക്കുകയാണെന്നും സൈകിയ പറഞ്ഞു.
ജനുവരി 25 വരെയാണ് അസമിലെ യാത്ര. മണിപ്പൂരിൽ നിന്ന് ഈ മാസം 14ന് ആരംഭിച്ച യാത്ര മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും. 67 ദിവസത്തിൽ 110 ജില്ലകളും 15 സംസ്ഥാനങ്ങളും 6713 കിലോമീറ്ററും യാത്ര സഞ്ചരിക്കും.