World

ജി-20 വേളയിലെ സംഭവത്തിന് പിന്നാലെ വീണ്ടും ട്രൂഡോയ്ക്ക് പണി കൊടുത്ത് വിമാനം; ഇത്തവണ ജമൈക്കയില്‍

Spread the love

മാസങ്ങളുടെ ഇടവേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം രണ്ടാമതും തകരാറിലായി. സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയില്‍ വച്ച നടന്ന ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് ആദ്യം ട്രൂഡോയുടെ വിമാനം തകരാറിലായതെങ്കില്‍ ഇത്തവണ ജമൈക്കയില്‍ വച്ചാണ് ട്രൂഡോയ്ക്ക് തന്റെ ഔദ്യോഗിക വിമാനം പണി കൊടുത്തത്. കുടുംബവുമൊത്ത് ഒഴിവുകാലം ആഘോഷിക്കാനാണ് ട്രൂഡോ ജെമൈക്കയില്‍ എത്തിയിരുന്നത്. അവിടെവച്ച് വിമാനത്തിന് തകരാര്‍ നേരിടുകയും അത് എളുപ്പത്തില്‍ പരിഹരിക്കാനാകാതെ വന്നതോടെ തകരാര്‍ പരിഹരിക്കാന്‍ വ്യോമസേനയുടെ രണ്ടാം വിമാനം ജമൈക്കയിലെത്തുകയും ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ വാഹനം ജമൈക്കയില്‍ വച്ച് തകരാറിലായതായി കാനഡ പ്രതിരോധമന്ത്രാലയം വക്താവ് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജമൈക്കയില്‍ നിന്ന് ട്രൂഡോയും കുടുംബവും മടങ്ങാന്‍ ആരംഭിച്ചതെങ്കിലും ജനുവരി 2ന് വിമാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രയില്‍ തടസം നേരിടുകയായിരുന്നു. ബുധനാഴ്ച മാത്രമാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള സംഘത്തിന് ജമൈക്കയില്‍ എത്താന്‍ സാധിച്ചത്.

കഴിഞ്ഞ സെപ്തംബറിലാണ് വിമാനം തകരാറിലായി മടങ്ങാന്‍ കഴിയാതെ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയിരുന്നത്. ഖലിസ്താന്‍ വാദികളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ നയത്തെ ഇന്ത്യ കഠിനമായി വിമര്‍ശിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ട്രൂഡോയ്ക്ക് അവഗണനയെന്ന സോഷ്യല്‍ മീഡിയ വാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ട്രൂഡോയുടെ വിമാനത്തിനും സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നത്. ഇത് വീണ്ടും രൂക്ഷ പരിഹാസങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.