World

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയും; ഉപരോധവുമായി ഇസ്രയേല്‍

Spread the love

ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഗാസയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗാസ പൂര്‍ണമായും ഒറ്റപ്പെടണം. എല്ലായിടവും അടച്ചുപൂട്ടിയിരിക്കുകയാണ്.”-എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

അതേസമയം ഇസ്രയേലിനുമേല്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി രാജ്യങ്ങള്‍ക്കൂടി രംഗത്തെത്തി. ഹമാസ് ആക്രമണത്തിന് പിന്നാലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടര്‍ന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇരുപക്ഷത്തുമായി മരണം 1500 കടന്നു. ഇസ്രേലില്‍ 900 പേരും ഗാസയില്‍ 650 പേരും കൊല്ലപ്പെട്ടു.

ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂ എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.